Saturday, March 31, 2012

യുദ്ധതന്ത്രങ്ങൾ

പോരാട്ടത്തിന്നു മുൻപേ
പോർവിളി മുഴക്കലും,
തിരിഞ്ഞോടാതിരിക്കാൻ
കടന്ന പാലം തകർക്കലും
പുതു തലമുറയെ
മുന്നിൽ നിർത്തലും
ദോഷൈകദൃക്‌കുകളെ കാണാപുറത്താക്കലും

വീമ്പാദ്യം പറഞ്ഞു
ലക്ഷ്യം ഉറപ്പിക്കലും
ലക്ഷ്യത്തിലെത്താൻ
എല്ലാം ത്യജിക്കലും
പറഞ്ഞു പതിരാക്കാതെ
ചെയ്തു കതിരാക്കലും
യുദ്ധതന്ത്രങ്ങൾ തന്നെയാണ്.
Tuesday, December 13, 2011

ചിത്രശലഭങ്ങള്‍


കുന്നിഞ്ചെരുവിൽ ചിത്രശലഭങ്ങൾ മാത്രം താമസിക്കുന്ന ആ ഇടം ഞാൻ ആദ്യമായി കാണുകയായിരുന്നു.
നിറച്ചും ചിത്രശലഭങ്ങൾ,
വർണ്ണച്ചെറകിൽ നിലം വിട്ടുയർന്നു തുള്ളിക്കളിക്കുന്നു.
നിലക്കാത്ത ഫയർവർക്സ് ആണോ എന്നാണാദ്യം ഞാൻ ധരിച്ചത്.

അവയെക്കുറിച്ചു കൂടുതൽ പറയുന്നതിന്നു മുൻപേ എന്നെ അവിടേക്കെത്തിച്ച ആട്ടിൻ‌കുട്ടിയെ കുറിച്ചാദ്യം എഴുതാം.
വീടിന്റെ വടക്കോറത്തു കെട്ടിയിടപ്പെട്ട അമ്മയാടിന്റെ നിലവിളി സഹിക്കാൻ കഴിയാതായപ്പോഴാണു ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം സോഫയിലിട്ടു അങ്ങോട്ടു ചെന്നത്.

അതിന്റെ കുട്ടിയെ കാണുന്നില്ല!.
അമ്മയാടുമായി ഒളിച്ചും പാത്തും കളിച്ച കൊണ്ടവൾ കുറേ നേരം ഇവിടെ ഉണ്ടായിരുന്നതാണ്.

തള്ളയാടിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതായപ്പോൾ എനിക്കാധിയായി.

വീട്ടിന്റെ ഗേറ്റു തുറന്നു കിടക്കുകയാണ്.
കീഴോട്ടു നടന്നാൽ പുഴവഴിയാണ്.

ഞാൻ സാരിയുടെ തല ചുറ്റി എളിയിൽ കുത്തി വീടു പൂട്ടിയിറങ്ങി.
കണ്ണുകൾ ചലിക്കുന്ന ഒരോന്നിലും ഉടക്കി.
പട്ടു പോലുള്ള കുഞ്ഞിരോമങ്ങളുള്ള അവളുടെ മേനി എളുപ്പം കാഴചയിൽ പെടും.
എന്നാലും പുഴയോരത്തൊന്നും ഒരു സൂചനയും കിട്ടിയില്ല.
മണലായിരുന്നെങ്കിൽ കാൽ‌പ്പാടുകൾ നോക്കി പിന്തുടരാമായിരുന്നു.
മണലു വാരിയെടുത്തു ബാക്കിയായ ചരലുകൾക്കു ചവിട്ടി തെറിപ്പിച്ച  കാൽ‌പ്പാടുകളെപ്പോലും ഓർത്തു വെക്കാൻ സാധിക്കുന്നില്ല,

നടത്തത്തിൽ തുടങ്ങി പുരയിടവും പുഴഞ്ചെരിവും കടന്നു കുന്നിനു മുകളിലെത്തിയപ്പോൾ അതു ഓട്ടമായിരുന്നു.
പക്ഷെ കുന്നി‌ചെരുവിറങ്ങാൻ തുടങ്ങിയപ്പോൾ ഗതി ഇഴച്ചിലായി.
താഴോട്ടു മുഴുവൻ മുള്ളങ്കാര പടന്നു കാടുപിടിച്ചിരിക്കുന്നു.

ഇരുവശത്തേക്കും മുള്ളുകൊക്കയുള്ള കാരക്കാട് !!.
അതു കൊണ്ടു തന്നെയാവും പുല്ലരിയാൻ പോലുമാരുമിവിടെ ആരും വരാറില്ലന്നു തോന്നുന്നു.
അവക്കിടയിൽ ഒരാൾ പൊക്കത്തിൽ മൂർച്ചപ്പുല്ലുകൾ,
മുള്ളുകളെക്കാൾ മൂർച്ചയുണ്ട് ആ പുല്ലുകൾക്ക്.
ഒന്നു കുത്തിവലിക്കുന്നു മറ്റൊന്നു വരിഞ്ഞു മുറിക്കുന്നു.
പുല്ലെന്ന വാക്കു കേൾക്കുമ്പോഴുണ്ടായിരുന്ന ഗതകാല സ്മൃതിസുഖം പെട്ടെന്നെവിടെയോ പോയ് മറഞ്ഞു.

പുല്ലിൽ കുത്തിമറിഞ്ഞു രസിച്ച കുട്ടിക്കാലത്തെ കുസൃതികൾ മനോവ്യഥയോടെ വെറുതെ ഓർത്തു.
പുല്ലുകൾ പോലുമിന്നുമേറെ മാറിയിരിക്കുന്നു.
മൃദുലതയൊക്കെ മാറി പകരം ഓലയിൽ മൂർച്ച കാട്ടി പേടിപ്പിക്കുന്നു.

ഓല തട്ടി മേനിയിൽ രണ്ടുമൂന്നിടത്തു ചോര വന്നു.
ചുരിദാറിടാമായിരുന്നു എന്നു തോന്നി.
ചില യാത്രകളിൽ അതൊരു പ്രത്യേക സംരക്ഷണം നൽകാറുണ്ട്.
അതായാലും കാര്യമില്ലെന്നു പിന്നെയാണോർത്തത്,
ഓലകള്‍ തരണം ചെയ്തു മുള്ളുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ തുണി കൊളുത്തി വലിക്കുകയാവും ശിക്ഷ 
തുണികളിൽ കൊളുത്തി വലിച്ചാൽ ഒരിഞ്ചു മുന്നോട്ടു പോകാനാവില്ല.

മുള്ളങ്കാരക്കാടിന്റെ ഇടയിലൂടെ പാറക്കെട്ടുകളിലെ വിടവിലൂടെ ഊർന്നിറങ്ങുമ്പോൾ ലക്ഷ്യത്തെ പറ്റി ഒരു ഊഹവും ഉണ്ടായിരുന്നില്ല.
പെട്ടെന്നു ഒരു തേങ്ങൽ കേട്ടു.
തീരെ ഒച്ചയില്ലാതെ അവരോഹണക്രമത്തിലാവുന്ന ഒരു കരച്ചിൽ.
അതെ അതു ആട്ടിൻ‌കുട്ടിയുടെ കരച്ചിൽ തന്നെ.

ഞാൻ ശബ്ദം കേട്ട ഭാഗത്തേക്കു ഇറങ്ങി.
മുള്ളുകളും ഓലകളും എന്നെ മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു.
നേർത്തു നേർത്തില്ലാതാവുന്ന കുഞ്ഞാടിന്റെ കരച്ചിലിന്റെ നേരിയ ശബദം പോലും എന്നെന്നേക്കുമായി അവസാനിക്കുന്നതിന്റെ തൊട്ടു മുൻപായിരിക്കണം ഞാൻ അതിന്റെ തൊട്ടടുത്തെത്തിയത്. അല്ലെങ്കിൽ ആരുമറിയാതെ അതവിടെ കിടന്നു മരിച്ചു പോകുമെന്നതു തീർച്ചയായിരുന്നു.
എന്റെ കൈകൾ ഞാൻ അറിയാതെ കുമ്പിളായി പടിഞ്ഞാറെ മാനത്തേക്കുയർന്നു.


കാരമുള്ളുകൾക്കിടയിൽ അതു കുടുങ്ങിക്കിടക്കുന്നു.
താഴോട്ടും മേൽ‌പ്പോട്ടും വളഞ്ഞു നിൽക്കുന്ന മുള്ളുകൾക്കിടയിൽ പിടയുന്തോറും പെടുന്ന കുടുക്കിൽ നിന്നു രക്ഷപ്പെടാനാവാതെ മേനി മുഴുവൻ ചോരയുമായി  ദയനീയമായി അതെന്നെ നോക്കുന്നു.

ഞാൻ അമ്മയാടിന്റെ അതേ  അലിവോടെ അവളുടെ അടുത്തേക്കോടി.
കാരമുള്ളുകൾ വകഞ്ഞു മാറ്റി ഞാൻ ഒരു വിടവുണ്ടാക്കി. കാരക്കൂടാരത്തിനകത്തു കയറി.
ഒരോ ചില്ലകളും കോറി വലിച്ചെന്റെ  കൈത്തണ്ടയിൽ നിന്നു ചോര ചോർത്തിയെടുത്തു കൊണ്ടേയിരുന്നു.
എന്റെ ചോരത്തുള്ളികൾ വീണു ആ പച്ചിലകളിൽ ചെമപ്പു പടർന്നു ചിരിച്ചു.

"ഒരു കത്തി ഉണ്ടായിരുന്നെങ്കിൽ!", എന്നു ഞാൻ ഏറെയാഗ്രഹിച്ചു.
പെട്ടെന്നാണോർത്തത്  കയ്യിലെ  താക്കോൽകൂട്ടത്തിൽ ഒരു നഖവെട്ടി ഉണ്ടല്ലോ എന്നും അതിന്റെ ഉള്ളിലൊരു മൂർച്ചയില്ലാത്തതെങ്കിലും ഒരു കുഞ്ഞു  കത്തിയുണ്ടല്ലോ എന്നും.

നഖംവെട്ടിക്കകത്തു നിന്നു ചെറിയ കത്തി നിവർത്തി കാരമുള്ളുകൾ ഒരോന്നും ക്ഷമയോടെ ചെത്തിയിട്ടു തീർന്നപ്പോഴേക്കും കുഞ്ഞാടിന്റെ കരച്ചിൽ നേർത്തില്ലാതെയായിരുന്നു.
ചില്ല വെട്ടാൻ മാത്രം ശക്തിയുള്ള, മൂർച്ചയുള്ള ഒരു കത്തിയുണ്ടായിരുന്നെങ്കിൽ എനിക്കെത്ര വേഗം കാര്യങ്ങൾ ചെയ്യാമായിരുന്നെന്നു തോന്നി.

ഏറെ നേരത്തെ ശ്രമങ്ങൾക്കു ശേഷം ആട്ടിങ്കുട്ടി കുടുങ്ങിയ ഭാഗത്തെ കാരച്ചെടിയിലെ മുള്ളുകളെല്ലാം ചെത്തിയെടുത്തു ഞാൻ അവളെ പതിയെ വലിച്ചു പുറത്തെടുത്തു.
പാവം അവൾ, വെടിയേറ്റ മുയലിനെപ്പോലെ കുഴഞ്ഞിരിക്കുന്നു.
വാരിയെടുത്തു മാറോടു ചേർത്തു.
അതിന്റെ മേനിയിലെ ചോരയും എന്റെ കൈത്തണ്ടയിലെ ചോരയും ചേർന്നു ഞങ്ങളുടെ തൂവലുകളെ വീണ്ടും ചെമപ്പിച്ചു കൊണ്ടേയിരുന്നു.

ഇറങ്ങിയ കുന്നൊക്കെ തിരിച്ചു കയറുമ്പോൾ പാറകളിലെ വഴുവഴുക്കൽ വീണ്ടും വീണ്ടും തടസ്സങ്ങൾ മാത്രം തന്നു കൊണ്ടിരുന്നു.
ഒരോ പ്രാവശ്യം വീഴുമ്പോഴും ആട്ടിങ്കുട്ടിക്കു ക്ഷതം പറ്റാതെ അതിനെ ഉയർത്തിപ്പിടിക്കാൻ ഞാൻ ശ്രദ്ധിച്ചു.
വീണും എണീറ്റും, കിതച്ചും കുതിച്ചും വീണ്ടും കുന്നിൻ മുകളിലെത്തി.

അപ്പുറത്തേക്കു നോക്കിയപ്പൊഴാണു എനിക്കു തെറ്റു പറ്റിയെന്നറിഞ്ഞത്.
ഞാൻ കയറിയതു മറ്റൊരു കുന്നിലേക്കായിരുന്നു.
ആ കുന്നിനപ്പുറത്താണു പുഴയോരം.
അവിടെയാണെന്റെ വഴി.

ആ കുന്നിറങ്ങുമ്പോൾ അവിടെ തടസ്സങ്ങൾ ഒന്നുമില്ലായിരുന്നു.
ഞാൻ ആദ്യമായി കാണുന്ന കുന്നാണത്.
അവിടെ മൂർച്ചയുള്ള പുല്ലുകൾ ഇല്ല.
വളരെ മൃദുലമായ പട്ടു പോലുള്ള പച്ചപ്പുല്ലുകൾ.
അതിൽ കിടന്നുരുളാൻ കൊതി തോന്നി.

ആട്ടിൻ കുട്ടിയെ കിടത്തി നടപ്പിന്റെ കിതപ്പു മാറ്റുന്നേരമാണു മനോഹരമായ ഒരു കാഴ്ച്ച കണ്ടത്.
തൊട്ടപ്പുറത്തെ ഒരു ചെടിക്കു ചുറ്റും മനോഹരമായ വട്ടം ചുറ്റിപ്പറക്കുന്നു.
എണ്ണിയാലൊടുങ്ങാത്ത ചിത്രശലഭങ്ങൾ.
വർണ്ണങ്ങളുടെ വിന്യാസം..!
ചലനത്തിന്റെ ചടുലത,
ഞാൻ ആട്ടിങ്കുട്ടിയെ നോക്കി, പച്ചപ്പുല്ലും കുളിർ തെന്നലും വർണ്ണവൈവിധ്യമുള്ള പൂമ്പാറ്റകളുടെ മാസ്മരിക ദൃശ്യവും അവളെയും ഊർജ്ജ്വസ്വലയാക്കിയെന്നു തോന്നുന്നു.
അവൾ പതിയെ എണീറ്റു നിന്നു.

ഞാൻ സന്തോഷം കൊണ്ടു സ്വയം മറന്നു.
എന്റെ ശരീരവേദനകളെല്ലാം എന്നെ വിട്ടൊഴിഞ്ഞു. ഞാൻ പൂമ്പാറ്റകളുടെ ഷോ കണ്ടു കൊണ്ടേയിരുന്നു. കണ്ടാലും കണ്ടാലും കൊതി തീരത്ത വിധം, ടെലിവിഷനിലൊക്കെ കണ്ടു ശീലിച്ച ഉദ്ഘാടന പരിപാടികളിലെ ലേസർഷോ പോലെ, ചിലപ്പൊൾ അതിനെക്കാൾ മനോഹരമായി..
ആട്ടിൻ കുട്ടി വീണ്ടും പിടഞ്ഞണിറ്റു വീണ്ടുമൊരിക്കൽ കൂടി തുള്ളിച്ചാടാനൊരു പാഴ്ശ്രമം നടത്തി.

ബാലൻസു കിട്ടാതെ കുഴഞ്ഞു വീഴും മുൻപേ അവളെ വാരിയെടുത്തു വീണ്ടും മാറോടുചേർത്തു ഞാനാ കുന്നിറങ്ങി.
ഇനിയൊരിക്കൽ ഇവളെയും കൊണ്ടു പൂമ്പാറ്റകളുടെ നൃത്തവും കാറ്റിന്റെ ഈണവും ആസ്വദിച്ചു ഈ പച്ചപ്പുല്ലിൽ തുള്ളിച്ചാടി നടക്കാൻ ഉടൻ തിരിച്ചു വരുമെന്നുറപ്പു കൊടുത്തു കൊണ്ടാണു ഞാൻ പൂമ്പാറ്റകളോടും അവരെ കാത്തു സൂക്ഷിച്ച കുന്നിഞ്ചെരുവിനോടും വിടചൊല്ലിയിറങ്ങിയത്.


35696

Friday, November 18, 2011

അതിഥികളെ ...അറിയിച്ചിട്ടു വരിക.

My dear Prajusha I do love this!!!

Dirty dishes prove I feed my family,
full trash can means I clean up after their messes,

Messy floors mean I let my children have fun,
pile of unfolded laundry means I keep my family in clean clothes,

Wet bathroom means I bathe my kids!
So the next time you walk into my house and see a "mess",
think twice before you judge.

If you come over to see us, come on in...
if you r coming over to see my house please make an appointment,
cuz I also have a full time job, that is 24 hours, 7 days a week. It's called being a MOM ;).....
Keep this going if you're a parent...

എച്ചിലായ പാത്രങ്ങളെൻ തീന്മേശയിൽ നീ കാണുമ്പോൾ അറക്കരുത് !
ഓർക്കേണ്ടതു ഞാനെന്റെ മക്കളെ ദാ ഇപ്പം ഊട്ടിയെന്നാണ്.

നിറഞ്ഞ ചവറ്റു കൊട്ട കാണുമ്പോൾ ഓർക്കേണ്ടതു
ഞാനവരുപേക്ഷിച്ച ചവറുകൾ നീക്കിയെന്നാണ്.

ചിതറിക്കിടക്കുന്ന കളിസാധനങ്ങൾ കാണുമ്പോൾ
അവരുടെ കളിക്കു ഞാൻ വേലികെട്ടിയില്ലെന്നതാണ്.

കുമിഞ്ഞു കൂടിയ അഴുക്കു വസ്ത്രങ്ങൾ കാണുമ്പോൾ
ഞാനവരെ വൃത്തിയുള്ളതണിയിപ്പിച്ചാണയച്ചതെന്നും,
നനഞ്ഞ കുളിമുറി കാണുമ്പോൾ ഞാനെന്റെ മക്കളെ
കുളിപ്പിച്ചാണയച്ചതെന്നും മനസ്സിലാക്കിക്കൂടെ?

അതിനാൽ അടുത്ത പ്രാവശ്യം അറിയിക്കാതെ വരുമ്പോൾ
വീട്ടിൽ ചിതറിയ മുറി കണ്ടു വിധി നിശ്ചയിക്കരുത്.
ദയവായി അറിയിച്ചിട്ടു വരിക.
കാരണം ഞാൻ ഒരു മുഴുവൻ സമയ വീട്ടമ്മയാണ്.
ആഴ്ച്ചയിലേഴും ദിവസത്തിലിരുപത്തിനാലും
ഞാൻ ഒരമ്മയാണ്. അതിനാൽ..
ദയവായി അറിയിച്ചിട്ടു വരിക.