Showing posts with label ഒരു കത്തിയും ഇത്തിരി കുപ്പിവളകളും.. Show all posts
Showing posts with label ഒരു കത്തിയും ഇത്തിരി കുപ്പിവളകളും.. Show all posts

Sunday, February 22, 2009

ഒരു കത്തിയും ഇത്തിരി കുപ്പിവളകളും.



ജാന്വേട്ടത്തിയുടെ കിണറ്റിൽ ഒരു പൂച്ച ചാടിച്ചത്തു.
രണ്ടാഴ്ച്ചയായി അവർ പലരോടും പറയുന്നു ഒന്നിറങ്ങി കിണറൊന്നു നന്നാക്കി വെള്ളം വീണ്ടും കുടിക്കാൻ പറ്റുന്നവിധമാക്കിക്കൊടുക്കാൻ..
ആരു കേക്കാനാണ്‌.
അധികച്ചാർജ്ജൊന്നും കിട്ടൂലാന്നു കരുതീട്ടാവും പലരും തിരിഞ്ഞൊന്നു പോലും നോക്കീല.
ഇലക്ഷനിനിയും മാസങ്ങൾ കിടക്കുന്നു.അല്ലെങ്കിൽ പാർട്ടിക്കാരോടെങ്കിലും പറഞ്ഞാൽ അവർ ആരെയെങ്കിലും പറഞ്ഞയച്ചു നന്നാക്കിയേനെ!
പാചകത്തിനുള്ള വെള്ളം ഞങ്ങളുടെ കിണറ്റിൽ വന്നു മുക്കി, ജ്വാനേട്ടത്തി ഒരു പാടു ദൂരം തലയിൽ വെച്ചു നടക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നും.
പണ്ടത്തെപ്പൊലെയല്ല ഇപ്പോഴാരും വെള്ളക്കുടം ചുമന്നധിക ദൂരം നടക്കുന്നതു കാണാറില്ല.
എല്ലാ വീട്ടിലും അകത്തും പുറത്തും ടാപ്പുണ്ട്‌. തുറന്നാൽ വെള്ളമല്ലേ!
ഹോസ്‌ പൈപ്പിട്ടു വെള്ളമെത്തിച്ചു തരാമെന്നു ഞാൻ ജാന്വേട്ടത്തിയോടു പലവട്ടം പറഞ്ഞതാ..
കേൾക്കേണ്ടെ!
കിണറ്റിൽ നിന്നു കോരിയെടുത്ത വെള്ളത്തിൽ മാത്രമേ പാചകം ചെയ്യൂ എന്നാണു അവരുടെ വാശി.
"വലിയ ഒസ്‌വാസാ.."

പക്ഷെ നിരപ്പല്ലാത്ത തൊടിയിലൂടെ പിറുപിറുത്തു കൊണ്ട്‌ കയറ്റം കയറിപ്പോകുമ്പോൾ തലയിലെ കുടത്തിൽ നിന്നു വെള്ളം തുളുമ്പി മേലാകെ നനയുന്നതു കാണുമ്പോൾ പാവം തോന്നും.
കിണറ്റിൽ നല്ല വെള്ളമായിരുന്നു.
വല ദ്രവിച്ചപ്പോഴാണൂ പൂച്ച അതും തുളച്ചു കിണറ്റിൽ വീണത്‌.
കിണറ്റിലിറങ്ങി അഴുക്കൊക്കെ ബക്കറ്റിൽ നിറക്കാനൊരാളെ കിട്ടിയാൽ മതിയായിരുന്നു.
വലിച്ചു കയറ്റൽ ജാന്വേട്ടത്തി ചെയ്യും.
വേണമെങ്കിൽ എനിക്കും കുറച്ചൊക്കെ സഹായിക്കാം.
ഞങ്ങൾ പെണ്ണുങ്ങളല്ലേ!.
കിണറ്റിലിറങ്ങാൻ ഒക്കില്ലല്ലോ?

തൊട്ടപ്പുറത്തെ വീട്ടിലൊരു ചെക്കനുണ്ട്‌.
പ്രീഡിഗിക്കു തോറ്റതാണ്‌.
ഒരു പണിയും ചെയ്യാതെ മസിലു മിനുക്കി വീട്ടിലിരിക്കാൻ തുടങ്ങിയിട്ടു വർഷം പലതായി.
അൻപതു രൂപക്കു വേണ്ടി ഇന്നലെയും അവന്റെ ഉമ്മാന്റെ നേർക്കു കത്തിയെടുക്കുന്ന ബഹളം കേട്ടു.
ആ ചെക്കനെ ഒരു നാലു മണിക്കൂർ നേരത്തേക്കു കിണറ്റിലിറക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.
നൂറോ ഇരുന്നൂറോ കൊടുക്കാം.

പക്ഷെ ആരിത്‌ അവനോടു ചോദിക്കും.
ആ പണിക്കിത്തിരി അന്തസ്സു കുറവല്ലെ ("പ്രീഡിഗ്രി" അത്ര മോശം ഡിഗ്രിയൊന്നുമല്ലല്ലോ?)

"പൂച്ചക്കാരു മണി കെട്ടും".
പണിപറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലങ്കിൽ ഒരു പക്ഷെ ഞങ്ങൾക്കതു തന്നെ പണിയാവും.
അതിനാൽ ചോദിക്കാൻ എനിക്കു മടി,
ജ്വാനേട്ടത്തിക്കാവട്ടെ പേടിയും.
പെറ്റ തള്ളക്കു നേരെ നാലു നേരം കത്തിയെടുക്കുന്നവനാണ്‌ ചെക്കൻ.
(എന്നിട്ടാണു അസുവായ ജ്വാനേട്ടത്തി )
ശക്തി തോർക്കുന്നിടത്തു യുക്തി ജയിക്കുമെന്നു എല്ലാ ഈസോപ്പുകഥയിലും കാണാം.
എന്റെ മണ്ട ഈയിടെ ആവശ്യത്തിനുപകരിക്കില്ല.
രണ്ടുമൂന്നു ദിവസത്തിനകം അവനെ കിണറ്റിലിറക്കാനുള്ള ഒരാശയം കിട്ടിയില്ലങ്കിൽ,
ഞാൻ തന്നെ നേരിട്ടു അവനോടു
"കിണറ്റിലിറങ്ങാമോ?" എന്നു ചോദിക്കും

അവൻ മടിച്ചാൽ ഞാൻ തന്നെ കിണറ്റിലിറങ്ങും.
എന്നിട്ടെന്റെ കുപ്പിവളകളൂരി അവനു ദാനമായി നൽകും.

"പടച്ചോനാണു സത്യം".


18280