Showing posts with label ലക്ഷ്മണന്റെ ഊര്‍മ്മിള. Show all posts
Showing posts with label ലക്ഷ്മണന്റെ ഊര്‍മ്മിള. Show all posts

Tuesday, October 28, 2008

ലക്ഷ്മണന്റെ ഊര്‍മ്മിള

പ്രവാസിയുടെ പെണ്ണിനെപ്പറ്റി പറയുമ്പോള്‍
നിന്റെ വക്രിച്ച ചുണ്ടിലെനെന്തേ എന്നും ഒരു പരിഹാസത്തിന്റെ കോംവെട്ട്‌?.

അവള്‍ക്കു നഷ്ടം വേഴ്ച്ചകള്‍ മാത്രമെന്നു വിധിയെഴുതിയ
നിന്റെ കണ്ണിലെന്നു മുതലാണീ മറുകാഴ്ച്ചമറക്കുന്ന കാമത്തിമിരം?.

ക്ലിപ്തമല്ലാത്ത വരുമാനത്തെ കണ്ടിച്ചു,
വ്യയത്തെ വരയില്‍ തളച്ചിട്ടു,
കുടുംബം പുലര്‍ത്തുന്ന ഒരു വീട്ടമ്മയെ നീ അവളില്‍ കാണാത്തതെന്ത്‌?

പിതാവിന്റെ തലോടലേല്‍ക്കാത്ത ഒരുണ്ണിയെ,
നെഞ്ചോടു ചേര്‍ത്തു വളര്‍ത്തുന്ന ഒരു മദര്‍ മേരിയായി
ആ ആദരവോടെ നിനക്കു സമീപിക്കന്‍ കഴിയാത്തതെന്തേ?

വീട്ടിനു പുറത്തോരോ അണുവില്‍ നിന്നും പ്രസരിക്കുന്ന
വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിസരണമേറ്റ്
അകലുന്ന മക്കളെ വീട്ടിനകത്തേക്കാകര്‍ഷിച്ചു
പറ്റിപ്പിടിച്ചയാ “തോന്നിവാസന“ കഴുകിക്കളഞ്ഞു
ദേശസ്നേഹത്തിന്റെ ചന്ദനത്തൈലം പുരട്ടി
മാതൃസ്നേഹത്തിന്റെ രാമച്ചവിശറി വീശി,
തണുപ്പിക്കുന്ന ഭാരതാംബയെ നീയവളില്‍ കാണാത്തതെന്ത്‌?

അടിക്കാനും ശാസിക്കാനും ആങ്ങളയില്ലാത്ത,
പിതാവില്ലാത്ത വീട്ടില്‍ നിന്നു ഐ.എ.എസ്സും,ഐ.ടി എക്‍സ്‌പേര്‍ട്ടും,
ടീച്ചറും,ഡോക്ടറും,എഞ്ചിനീയറും
പറന്നിറങ്ങുന്നതാരു അടയിരുന്നിട്ടാണെന്നു ചിന്തിക്കാതെ
നീയെന്താവളുടെ മാംസത്തെക്കുറിച്ചിത്രമാത്രം ചിന്തിച്ചു വ്യാകുലനാവുന്നത്‌?.
ആ മേനിക്കുള്ളിലെ മനസ്സുകാണാന്‍ നിനക്കു കഴിയാത്തതെന്തേ?

പ്രവാസിയുടെ ഭാര്യ ചാഞ്ഞമരമല്ലന്നോര്‍ക്കുക,
ത്യാഗം സഹിക്കാന്‍ തുല്യ പ്രതിജ്ഞചെയ്തതാണവള്‍,
പരിഹാസത്തോടെയുള്ള ഒരോ നോട്ടവും തിരിച്ചറിയാനവള്‍ക്കാവും.
ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ക്കു ദഹിപ്പിക്കുന്ന മറുപടി പറയാനും.

സഹനസമരത്തിലൂടെ അവള്‍ നേടിയ കരുത്തിന്റെ
ആഴമറിയാന്‍ ശ്രമിക്കുന്നതു ഒരു മിന്നല്‍പ്പിണറിന്റെ
ചൂടറിയാനുള്ള മൗഢ്യമെന്നു തിരിച്ചറിയുക.

പത്രങ്ങള്‍ വാഴ്ത്താത്ത, വാര്‍ത്തകളില്‍ വരാത്ത,
ഒരുപാടമ്മമാര്‍ വിരഹം പേറി
താങ്ങി നിര്‍ത്തിയതാണീ "സിന്‍‍സെക്സില്‍" വീഴാത്ത പവിത്ര സമ്പത്‌വ്യവസ്ഥ.

പെഴച്ചുപോയ ഏതോ ഒരു പെണ്ണിന്റെ പുരാണം ചൊല്ലി
പ്രവാസിയുടെ പതിവൃതയുടെ കുടിലില്‍ കാമാനുകമ്പയുമായെത്തുന്നവരോര്‍ക്കുക.
പഴയ കണ്ണിരു കൊണ്ടു കത്തുപാട്ടെഴുതിയ പെണ്ണല്ലവള്‍.
എല്ലാമതത്തില്‍ നിന്നും സത്തയുള്‍ക്കൊണ്ട വിവരമുള്ള പെണ്ണവള്‍.
ട്രിഗ്ഗര്‍ അമര്‍ത്താന്‍ ചങ്കുറപ്പും ലൈസന്‍സും ഉള്ളവള്‍.

(വനവാസത്തിനിറങ്ങിയ ശ്രീരാമന്റെ കൂടെ സീത കൂട്ടുണ്ടായിരുന്നു.എന്നാല്‍ ഊര്‍മ്മിളക്കു കൂട്ടിനു കൊട്ടാരത്തിലെ ഇടുങ്ങിയ പുജാമുറിയും, ദേഹി മറഞ്ഞ ദേഹത്തില്‍ പുഴുവും പുറ്റും കയറാതെ കാക്കാന്‍ ആ പ്രാണനെ കുറിച്ചുള്ള ഓര്‍മ്മകളും മാത്രം. സീതയെക്കുറിച്ചു കൂടുതലെഴുതിയവര്‍ ഊര്‍മ്മിളയെക്കുറിച്ചെഴുതാന്‍ പിശുക്കി).
15612