Showing posts with label ബാല്യമഴ. Show all posts
Showing posts with label ബാല്യമഴ. Show all posts

Sunday, May 30, 2010

ബാലികാമഴ


ചേമ്പിലയിൽ നീന്തുമൊരു ഗോളമഴ നൃത്തം,
ചേങ്ങിലയിൽ വീണ്ടുമൊരു താളലയ മേളം.
ഊഷരത നീക്കി കുളിർകാറ്റിലൊഴുകുന്നാ....
പൂമഴ നനഞ്ഞ പനിയാണെൻ ഗതബാല്യം.

ബാല്യമഴ,പുത്തൻ മഴ, മണ്ണിൻ മണമെങ്ങും,
ഈറൻ നനയാതെ ഒഴിയാനൊരിറ വെള്ളം,
ഭൂമിയിനിയെത്ര നരകാശ്രു നനവാകും,
തോന്നലൊരു മിന്നലിടിവെട്ടലൊരു ഞെട്ടൽ!.

തോണിയൊഴുകുന്ന നയനത്തിനിരു തീരം,
ഉറ്റവരു നെഞ്ചിലൊരു തീകനലു പേറി,
പെണ്ണിനിനിയെത്ര വരുമെന്നതപകീർത്തി,
കണ്ണിനിനിയെത്ര നനയാനിതൊരു ജന്മം.


തീണ്ടു കിനിഞെങ്കിലകലാം ചില ശകാരം,
പെണ്ണു നനയട്ടെ പുതു ചേമ്പിലയെ പോലെ!
വാഴ്കയൊരു കന്യ അവളാണറിയുമിഷ്ടം,
സ്വന്തമറിയാനിട നൽകൂ വളരുവോളം.


 --------------------------------------------------------
വൃത്തം (ഇന്ദുവദന) ഭജസം നഗുരു രണ്ടും.
(ഭഗണം,ജഗണം,സഗണം,നഗണം,ഗുരു.ഗുരു)
----------------------------------------------------------