Showing posts with label ഒരു ആയയുടെ ആത്മഗതങ്ങള്‍. Show all posts
Showing posts with label ഒരു ആയയുടെ ആത്മഗതങ്ങള്‍. Show all posts

Saturday, January 19, 2008

ഒരു ആയയുടെ ആത്മഗതങ്ങള്‍, എന്റേയും..!

"സബൂറാക്ക്‌ ഫാത്തിമാ നീ..!"
"ഒന്നു ക്ഷമിക്കെന്റെ ഫാത്തിമാ..!"
"പടച്ചോനെ വിചാരിച്ചു നീ ഒന്നു അടങ്ങെന്റെ പൊന്നേ!"

തനി "കോഴിക്കോടന്‍" മലയാളത്തിലെ ഈ സാന്ത്വനവാക്കുകള്‍ കേട്ടാണു ഞാന്‍ തിരിഞ്ഞു നോക്കിയത്‌.
ഞാനിരിക്കുന്നതിന്റെ പിറകിലെ ബെഞ്ചില്‍ ഒരു മലയാളി ഹൗസ്‌മേയ്‌ഡും ഏകദേശം നാലു വയസ്സായ ഒരു അറബിപ്പെണ്‍കുട്ടിയും.

ഡിസ്കൗണ്ട്‌ ഓഫറും, വിലക്കുറവും നോക്കി കുറേ ചുറ്റിക്കറങ്ങി വാങ്ങിയ പലചരക്കു-പച്ചക്കറി സാധനങ്ങള്‍ നിറച്ച ട്രോളി ഒരരികില്‍ നിര്‍ത്തി, അജ്‌മാന്‍ സിറ്റി-സെന്‍ററിന്റെ വിശാലമായ പാസ്സേജില്‍ മുഖം തിരിച്ചിട്ട മനോഹരമായ മരബെഞ്ചിലൊന്നിലിരുന്നു ക്ഷീണം തീര്‍ക്കാന്‍ ഒന്നു വിശ്രമിക്കുകയായിരുന്നു ഞങ്ങള്‍.

നാലു വയസ്സിനു പത്തു വയസ്സിന്റെ പത്തരമാറ്റുള്ള വെളുത്തു കൊഴുത്തുരുണ്ട ആ അറബിപ്പെണ്‍കുട്ടി വലിയ വികൃതിയാണെന്നു ഒറ്റനോട്ടത്തിലും,
അതിന്റെ പിറകെ (ഫുട്ബാള്‍ മാച്ചിലെ റഫറി ഓടുന്നതുപോലെ) ശ്വാസം കിട്ടാതെ ഓടുന്ന ആ ഹൗസ്‌മേയ്‌ഡ്‌ ഒരു കോഴിക്കോട്ടുകാരിയാണെന്നും ആ ഇത്തയുടെ സംഭാഷണമിത്തിരി നേരം കാതോര്‍ത്തപ്പോള്‍ എനിക്കു മനസ്സിലായി.
പെണ്‍കുട്ടി അതിന്റെ കയ്യില്‍ കിട്ടിയ ഓരോ സാധനങ്ങള്‍ കൊണ്ടു ഇത്തയെ എറിയുകയാണ്‌. അവരാകട്ടെ ക്ഷമയോടെ അതിന്റെ പിറകെ നടന്നു വലിച്ചെറിഞ്ഞ സാധനങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തു യഥാസ്ഥാനത്തു തന്നെ വെക്കാന്‍ നന്നായി കഷ്ടപ്പെടുന്നു.

അവര്‍ കൂടെകൂടെ പറയുന്നുണ്ട്‌.

"ഫാത്തിമാ..സബൂറാവു പൊന്നെ!....."
"ക്ഷമിക്കെന്റെ മുത്തേ!..... കുറച്ചു കൂടി ക്ഷമിക്കെന്റെ ഖല്‍ബെ!...."

പെണ്‍കുട്ടി ഇടക്കെപ്പോഴോ ബെഞ്ചില്‍ വന്നിരുന്നപ്പോള്‍
അവര്‍ പാലുനിറച്ച കുപ്പിയുമായി കുട്ടിയുടെ പിറകെ നടന്നു അവളുടെ വായില്‍ അതു വെച്ചു കൊടുക്കാന്‍ ശ്രമിച്ചു.
വായക്കുള്ളിലേക്കു ബലം പ്രയോഗിച്ചു പാല്‍കുപ്പിയുടെ നിപ്പിള്‍ കടത്തിയപ്പോള്‍ കുട്ടി ആ നിപ്പിള്‍ കടിച്ചു പിടിച്ചു കുറുമ്പുകാട്ടുകയാണ്‌.
ഇത്ത ഒന്നു തിരിഞ്ഞതേയുള്ളൂ കുട്ടി കുപ്പിയെടുത്ത്‌ ഒരൊറ്റ ഏറ്‌!.
നഗരത്തിലെ ഏറ്റവും മുന്തിയ ഷോപ്പിംഗ്‌സെന്‍ടറിലെ, ഏറ്റവും തെരക്കുള്ള സമയത്തില്‍, സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍, തിളങ്ങുന്ന ഗ്രാനേറ്റു തറയില്‍, ഗ്ലാസുകൊണ്ടുള്ള ആ ഫീഡിംഗ്ബോട്ടില്‍ ശക്തിയോടെ വീണു പൊട്ടിച്ചിതറുന്ന ഒച്ച കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കാത്തവരായി ആരുമില്ല.
ഒച്ചകേട്ടു കൊച്ചിന്റെ തന്തമിസ്‌രിയും തള്ളമിസ്‌രിയും തൊട്ടടുത്ത ഐസ്ക്രീം പാര്‍ലറില്‍ നിന്നു ഓടി വന്നു. തീറ്റ പകുതി വഴിക്കു നിര്‍ത്തിയാണവര്‍ ഓടി വന്നത്‌.
പെട്ടെന്നെണിറ്റതു കൊണ്ടാവും ആ തടിച്ച തള്ളയുടെ വിലകൂടിയ ഡ്രസ്സില്‍ മുഴുക്കെ ഐസ്ക്രീം വീണു വൃത്തികേടായിട്ടുണ്ട്‌.
ഓടി വന്ന അവര്‍ കുട്ടിയെ പിടിക്കുന്നതിന്നു മുന്‍പ്‌ ആ ഇത്താന്റെ തലക്കു കാറിന്റെ കീചെയിൻ കൊണ്ടു ഒരു കുത്താണു ആദ്യം കൊടുത്തത്‌.
പിറകെ, അറബിയില്‍ ഒരുപാടു ശകാര-വാക്യങ്ങളും
" അന്‍തി ഹയവാന്‍!"
(ഏടീ മൃഗമേ!)
"അന്‍തി മാഫി ശൂഫ്‌.. ബിന്‍തി സഹ്‌ലാന്‍?"
( എന്റെ മോളു ബഹളം വെക്കുന്നതു നീയെന്തേ കാണാതിരുന്നത്‌?)
"ഹല്‍ തഫക്കരീന്‍ കസീറന്‍ ബി സവ്ജുകല്‍ അഹ്‌മാന്‍"
(നീ നിന്റെ കുരുടന്‍ ഭര്‍ത്താവിനെ കിനാവു കണ്ടിരിക്കുകയാണോ?)

ചില്ലെറിഞ്ഞുടച്ച ശബ്ദത്തെക്കാള്‍ കര്‍ണ്ണകഠോരവും അസഹ്യവുമായിരുന്നു അവരുടെ ഒച്ച.

ഷോപ്പിംഗ്‌മാളിലെ ക്ലീനിംഗ്‌ സ്റ്റാഫു വന്നു അഞ്ചുമിനിട്ടിനകം അവിടമെല്ലാം നന്നായി വൃത്തിയാക്കി. പക്ഷെ ആ അറബിത്തള്ള ഛർദ്ദിച്ച ശകാരവാക്കുകൾ എന്നിലു വല്ലാത്തൊരു പുളിച്ചുതികട്ടലു ബാക്കിയാക്കി.
ആ ഇത്തയുടെ മുഖത്തേക്കു നോക്കാന്‍ എനിക്കു മനക്കട്ടി പോരെന്നു തോന്നി.

തള്ള, ശകാരം തുടർന്നു കൊണ്ടു തന്നെ കൊച്ചിനെ ഒറ്റക്കയ്യില്‍ തൂക്കി ബാക്കിയുള്ള ഐസ്ക്രീം തിന്നു തീര്‍ക്കാന്‍ പോയി.
ഐസ്ക്രീം കണ്ടതോടെ ആ കുട്ടിയുടെ സകല വികൃതിയും നിന്നു.

പക്ഷെ ഇത്തയുടെ നെടുവീര്‍പ്പോടെയുള്ള പുറുപുറുക്കല്‍ മാത്രം അപ്പോഴും നിന്നിട്ടില്ല.
അതു നേര്‍ത്തു നേര്‍ത്തു പതിയെ അവ്യക്തമായ ശബ്ദത്തിലായെന്നു മാത്രം.

" ഫാത്തിമാ..! സബൂറാവു പൊന്നേ!"
"ഫാത്തിമാ സബൂറാ...."
"ഫാത്തിമാ....!"


മിസ്‌രിത്തള്ള കണ്‍വെട്ടത്തു നിന്നും മറഞ്ഞപ്പോള്‍ ആ ഇത്തയെ ഒന്നാശ്വസിപ്പിക്കല്‍ എന്റെ മാനുഷീകമായ കടമയാണെന്നു കരുതി ഞാന്‍ പിറകിലേക്കു തിരിഞ്ഞു, ചോദിച്ചു.

എൻെറ പേര് സാബി, ഞങ്ങൾ മലപ്പുറത്താണ്.
"ആ ഫാത്തിമ വലിയ വികൃതിയാണല്ലെ?"

"ഫാത്തിമ എന്നത്‌ ന്റെ പേരാ..!",
" ഓരെ  മോൾക്കു ഇംഗ്ലീഷിലുള്ള ഏതോ ഒരു ശെയ്ത്താന്റെ പേരാ..."

മലപ്പുറത്തെ താത്താനോട് കോയിക്കോട്ടെ താത്താക്ക് വർത്താനം പറയാൻ മുട്ടി. 

"അവളുടെ തന്തക്കും തള്ളക്കും അവളെ ശരിക്കറിയാമായിരിക്കുമെന്നിട്ടു കൂടി നിങ്ങളെ ഇത്തോതില്‍ വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിനെ നിങ്ങള്‍ എങ്ങനെ സഹിക്കുന്നു?".

"അതിനുള്ള ക്ഷമ തരാന്‍ വേണ്ടി തന്നെയാണു ഞാന്‍ എന്നോടും പടച്ചതമ്പുരാനോടും സദാസമയം തേടുന്നത്‌"
ഫാത്തിമ  പുറംകൈ കൊണ്ടു കണ്ണീര്‍ തുടച്ചു, എന്നിട്ടും നെടുവീർപ്പു ഒളിപ്പിക്കാനായില്ല.


"പുയ്യപ്ലന്റെ കണ്ണൊപ്രേഷനു കുറച്ചധികം കായി വേണം കൂടാതെ അന്‍സത്തിക്കു പറഞ്ഞേറ്റതില്‍ ബാക്കി അഞ്ചു പവനും".
"അതു കൂടി ശരിയാവുന്നതു വരെ ന്റെ ഖൽബിനോടാ  ക്ഷമിക്കൂന്ന്  ഞാന്‍ ഈ തേട്ണത്".

അന്നു ഒരുപാടുനേരം ഞാനാരംഗമോര്‍ത്തു വിഷമിക്കുകയും ഏറെ നേരം ചിന്തിക്കുകയുംചെയ്തു.

പിന്നെ ഞാനാശ്വസിച്ചു.
അവരുടെ ഭർത്താവിന്റെ കണ്ണോപ്രഷനു വേണ്ട സംഖ്യയാവുന്നതു വരെ അവർക്കു സബൂറു കൊടുക്കുന്ന പടച്ചവന്റെ കൃപയോർത്ത്.
7777