Tuesday, October 23, 2007

അഭിവാദ്യവും സ്വാഗതവും

ഭിവാദനവും സ്വാഗതവും എങ്ങനെയായിരിക്കണം എന്നതു, അതിഥി വന്നു കയറി മുഖാമുഖം കാണുന്ന ഒരൊറ്റ നിമിഷം കൊണ്ടു റിഫ്ലക്സ്‌ ആക്ഷന്‍ പോലെ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ ഞാന്‍ പലപ്പോഴും ആശയക്കുഴപ്പത്തിലായിട്ടുണ്ട്‌.
സന്ദര്‍ഭത്തിനും സദസ്സിനും വ്യക്തികള്‍ക്കും അനുസരിച്ചു അഭിവാദനരീതികള്‍ വ്യത്യാസപ്പെടുത്തേണ്ടി വരാറുണ്ട്‌.
പുരുഷന്‍ പുരുഷനു സ്വാഗതം പറയുമ്പോള്‍ ഷേക്ക്‌-ഹാന്‍ഡ്‌ കൊടുക്കുന്ന അത്ര ലളിതമായി പുരുഷനും സ്ത്രീയും തമ്മില്‍ കൈപിടിച്ചു കുലുക്കി അഭിവാദനം ചെയ്യുന്ന രീതി നമ്മള്‍ ഇന്ത്യക്കാര്‍ക്കത്ര രസിക്കാറില്ല.

പാക്കിസ്താനി പുരുഷന്മാര്‍ക്കിടയിലും ഉത്തരേന്ത്യന്‍ മുസ്ലിം പുരുഷന്മാര്‍ക്കിടയില്‍ മൂന്നു പ്രാവശ്യം കവിളുകള്‍ ഇടതും വലതും മാറി മാറി ചേര്‍ത്തു വെച്ചു ആലിംഗനം ചെയ്തു, ഷേക്ക്‌-ഹാന്‍ഡില്‍ അവസാനിപ്പിക്കുന്ന നിണ്ടുനില്‍ക്കുന്ന ഒരഭിവാദന രീതി കണ്ടിട്ടുണ്ട്‌.ബലൂചി വനിതകള്‍ തമ്മിലും ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്‌.

ഉത്തരേരേന്ത്യന്‍ മുസ്ലിം വനിതകള്‍ക്കിടയിലും അറബു വനിതകള്‍ക്കിടയിലും ഏറ്റവും പഴയതും പാരമ്പര്യമായി പ്രചാരത്തിലുള്ളതുമായ മറ്റൊരു അഭിവാദന രീതിയാണ്‌ "ആദാബ്‌"


അതിഥിക്കു മുന്നില്‍ തലകുനിച്ചു ഒരു കൈ കുമ്പിളാക്കി മൂന്നു പ്രാവശ്യം തഴേക്കും മേലേക്കും തളാത്മകമായി ചലിപ്പിക്കുന്ന (ആദാബ്‌) രീതി കാണാന്‍ വളരെ മനോഹരമാണ്‌.

പക്ഷെ അതുപോലെത്തന്നെ ഏറ്റവും ലളിതമായതും അനുയോജ്യമായ രീതിയാണു നമ്മുടെ പരമ്പരാഗത രീതിയില്‍ കൈകള്‍ കൂപ്പി പുഞ്ചിരി തൂകിയുള്ള "നമസ്കാരം"!



"അതിഥി ദേവോ ഭവ!" എന്നതാണിതിന്റെ വിവക്ഷ.
പക്ഷെ ഇപ്പോള്‍ ഇതു എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കച്ചവടവാക്യമാക്കിയതില്‍ പിന്നെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഈ "സ്വാഗതം"ഇപ്പോള്‍ കാണാറുള്ളൂ. അല്ലെങ്കില്‍ അപൂര്‍വ്വമായി വെജിറ്റേറിയന്‍ ഭോജന ശാലകളിലും, ഖാദി-ഗ്രാമോല്‍പ്പന്ന വിപണന ശാലകളിലും ചില്ലിട്ട ചിത്രങ്ങളായി.

അറബു പുരുഷന്മാര്‍ ഷേക്കുഹന്‍ഡും കവിളത്തു പരസ്പരമൊരു ചുംബനവും പകര്‍ന്നാണു സ്വീകരിക്കുന്നത്‌.സ്ത്രീകള്‍ തമ്മിലും ഇതുപോലെ തന്നെ!

അഭിവാദനമെന്ന പേരില്‍ ശില്‍പ്പാ ഷെട്ടിയെ അതിക്രമിച്ചു ചുംബനത്തിനടിപ്പെടുത്തുകവഴി ഭാരതീയനാരിമൂല്യത്തിനു ഷെയര്‍മാര്‍ക്കറ്റില്‍ വില പെട്ടന്നു കുറഞ്ഞുവെന്നു തോന്നുന്നില്ലങ്കിലും ആ രീതിയെ ആഗ്രഹിക്കാത്തവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ചുംബനാഭിവാദ്യത്തില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം.

ചുംബനം പോയിട്ടു ഷേക്കുഹാന്‍ഡു പോലും ഭാരതത്തില്‍ സ്ത്രീ പുരുഷാഭിവാദ്യരീതിയില്‍ അസാധാരണമാണ്‌.
നമ്മള്‍ ഇന്ത്യക്കാര്‍ സ്വീകരിച്ച മറ്റു എന്തെല്ലാം അഭിവാദനരീതികള്‍ ഉണ്ട്‌?

ഷേക്കുഹാന്‍ഡിനു കൈ നീട്ടുമ്പോള്‍ മുന്നിലെ കൂപ്പിയ കൈ കണ്ടു ചമ്മിയമുഖങ്ങള്‍ പല പാര്‍ട്ടികളിലും കണ്ടു രസിച്ചിട്ടുണ്ട്‌.
അതുപോലൊരു ചമ്മിയമുഖം ഉള്ളില്‍നിന്നു പോകാതെ കിടക്കുന്നതിനാല്‍ ഇതു പകര്‍ത്താനായി.

ഒ.ടോ:- വഴുക്കി വീഴുന്നതു കണ്ടു ചിരിക്കാത്തവന്‍ ചങ്ങാതിയല്ലത്രേ!
5773