Sunday, October 07, 2007

പഞ്ഞുവാശാരിയും മാന്ത്രികചതുരവും

ക്കാലത്തെ രക്ഷിതാക്കള്‍ക്കു ചെറിയ കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കുത്തരം കൊടുക്കാനും, കൗതുകത്തോടെ ചോദിക്കുന്ന ചില സംശയങ്ങള്‍ക്കു ക്ഷമയോടെ മറുപടി പറയാനും സമയം കിട്ടാറില്ല.

അവരുടെ വിജ്ഞാന തൃഷ്ണയെ പൂര്‍ണ്ണ വിവരം നല്‍കി ശമിപ്പിക്കാനും സംതൃപ്തരാക്കാനും സമയം കണ്ടെത്താറില്ലാത്തതു നമ്മുടെ ജോലിത്തെരക്കെന്ന മുടന്തന്‍ ന്യായം പറഞ്ഞാണെന്നെതു ദുഖകരമായ സത്യമാണ്‌.

ഞാനും ഇതില്‍ നിന്നും ഒട്ടും ഭിന്നയല്ല.

ശാബു എന്റെ അടുത്തു വന്നു വല്ല സംശയവും ചോദിക്കുമ്പോള്‍ പലപ്പോഴും അവനെ വേണ്ടത്ര പരിഗണിക്കാന്‍ എനിക്കു കഴിയാറില്ല.
മിക്സിയുടെ കാതടപ്പിക്കുന്ന ഒച്ചക്കിടയിലോ,ടി.വി. വാര്‍ത്തക്കിടയിലോ
അല്ലെങ്കില്‍ എനിക്കു ഏറ്റവും പ്രധാനപ്പെട്ട ഒരു ടെലഫോണ്‍ സംഭാഷണത്തിനിടയിലോ ആയിരിക്കും അവന്‍ വന്നു വല്ല സംശയവും ചോദിക്കുന്നത്‌.
അതുമല്ലെങ്കില്‍ ഗ്യാസ്‌ സ്റ്റൗവിനുമുകളില്‍ തിളച്ച എണ്ണയിലിട്ടു (ഗ്യാസും എണ്ണയും പരമാവധി പിശുക്കനുള്ള ബദ്ധപ്പാടില്‍ വല്ലതും ധൃതിയില്‍) പൊരിച്ചെടുക്കുന്നതിനിടയിലോ അവന്റെ ഇത്തരം ചോദ്യത്തിനുത്തരമായി കിട്ടുന്നതു എന്റെ ശകാരമായിരിക്കും. അല്ലങ്കില്‍ "ചോദിക്കാന്‍ കണ്ട ഒരു നേരം!" എന്ന ഭാവത്തിലെ ഒരു കണ്ണുരുട്ടല്‍ ആയിരിക്കും.

ചുരുക്കി പറഞ്ഞാല്‍ നമുക്കു നമ്മുടെ കുട്ടികളെ കേള്‍ക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു.
അവരുടെ കൊഞ്ചലും കുസൃതിയും ശ്രവിക്കാനുള്ള സഹനശക്തിയില്ല.

കുഞ്ഞിനെ പ്രസവിച്ചതു കൊണ്ടു മാത്രം മാതൃത്വം പൂര്‍ണ്ണമാകുന്നില്ല.
ഗര്‍ഭിണിയായിരിക്കുന്ന ഒരു സ്ത്രീ മാതൃസുഖം അനുഭവിക്കുന്നില്ല.
ദുരിതങ്ങള്‍ മാത്രമേ അവളപ്പോള്‍ അനുഭവിക്കുന്നുള്ളൂ.ആ ദുരിതങ്ങള്‍ക്കവള്‍ മക്കളോടു കണക്കു പറയുന്നതില്‍ ഒരു ന്യായവുമില്ല.
മറിച്ചു അതിന്റെ പങ്കു വേദന സഹിക്കേണ്ടി വരുന്നില്ലാത്ത തന്റെ പുരുഷനില്‍ നിന്നു സ്നേഹവും സഹായവും പ്രശംസയും ഏറ്റവും കൂടിയ അളവില്‍ പ്രതീക്ഷിക്കുന്ന ഒരവസരം അതാണ്‌.

പക്ഷെ പ്രസവിച്ചതിനു ശേഷം കുഞ്ഞിന്റെ വളര്‍ച്ചക്കു വേണ്ടി സഹിക്കുന്ന ത്യാഗങ്ങളാണു അവള്‍ക്കു മാതൃസുഖം നല്‍കുന്നതെന്നാണു എന്റെ അഭിപ്രായം.
ഈ സുഖം കിട്ടാന്‍ പിതാവും ത്യാഗങ്ങള്‍ സഹിക്കുമ്പോള്‍ മാതൃസുഖത്തിനു തുല്യമായ പിതൃസുഖം ലഭിക്കുന്നു.

(അല്ലാതെ പിതൃത്വത്തെക്കാള്‍ വളരെ വലുതൊന്നുമല്ല മാതൃത്വം. ഗര്‍ഭം ധരിച്ചതിന്റെയും പ്രസവിച്ചതിന്റെയും കണക്കുചോദിക്കേണ്ടതു മക്കളോടല്ല, മറിച്ചു പങ്കാളിയോടാണെന്നു ചുരുക്കം)

ആയകള്‍ വളര്‍ത്തുന്ന കുട്ടികള്‍ക്കു മാതാപിതാക്കളോടും തിരിച്ചും ആത്മബന്ധം സ്ഥാപിക്കാന്‍ കഴിയാത്താതു ഇക്കാരണം കൊണ്ടുമാത്രം.

നമുക്കു മക്കളോടു സംസാരിക്കാന്‍ സമയമില്ലാത്തപ്പോള്‍ അവര്‍
അവരോടു സംവേദിക്കുന്ന പ്ലേസ്റ്റേഷനിലും,വീഡിയോ ഗെയിമിലും അവസാന ആശ്രയം കണ്ടെത്തുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
പക്ഷെ അതുകാരണം അവര്‍ 'ഷോര്‍ട്ട്‌ ഫിംഗര്‍' റ്റൈപ്പിംഗിലും ആശയങ്ങളെ ഏറ്റവും പിശുക്കായി പുറത്തു വിടുന്ന ചാറ്റിംഗിലും അഗ്രഗണ്യരായി മാറുന്നുവെങ്കിലും സംസാരത്തിലെ ഒഴുക്കിലും സംഭാഷണ ചാതുര്യത്തിലും പിറകോട്ടു പോകുന്നു. അന്തര്‍മുഖത്വം വളരുന്നു.
അവരുടെ ഭാവനയെ വികസിപ്പിക്കാനുള്ള വിനോദോപാദികളാണു നാം അവര്‍ക്കു നല്‍കേണ്ടത്‌. ഒരു നല്ല പുസ്തകം വായിക്കുമ്പോള്‍ അതിലെ സംഭവങ്ങള്‍ അരങ്ങേറുന്ന ലൊക്കേഷനെ നമ്മുടെ മനസ്സാണു ഭാവനയില്‍ സജ്ജമാക്കുന്നത്‌.
ഇതു പോലെ ഒരു റേഡിയോ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു ഭാവന ഉപയോഗിക്കേണ്ടി വരികയും അതു തലച്ചോറിന്റെ വികാസത്തിനു കാരണമാകുകയും ചെയ്യുന്നു.
എന്നാല്‍ ടി.വി. മാധ്യമത്തിനടിമയാകുന്നതോടെ ദൃശ്യ-ശബ്ദ തരംഗങ്ങള്‍ മസ്തിഷ്കത്തിലെ സെല്ലില്‍ അമര്‍ത്തിവെക്കപ്പെടുകയല്ലാതെ ചിന്തയുടെ ആവശ്യം വരുന്നില്ല. അതു കൊണ്ടു തന്നെയാണു ടി.വി. ദൃശ്യങ്ങള്‍ നമ്മുടെ തലച്ചോറില്‍ അധികം തങ്ങി നില്‍ക്കാത്തതും.

ഇതെഴുതാന്‍ കാരണം. ഒരാഴ്ച്ചയായി ശാബു എന്നോടു ഒരു മാജിക്‌ സ്കയറിന്റെ കാര്യം ചോദിക്കുന്നു.
റോബിന്‍ ക്യൂബാണെന്നു കരുതി പപ്പ വരുമ്പോള്‍ കൊണ്ടുവരാന്‍ പറയാം എന്നവനോടു ഞാന്‍ ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു.

പക്ഷെ എന്നെ ഒഴിഞ്ഞു കിട്ടിയ ഒരു ദിവസം അവന്‍ അതു വരച്ചു കാട്ടി തന്നു.
ഒമ്പതു കള്ളികളുള്ള സമചതുരത്തില്‍ തുടര്‍ച്ചയായ സംഖ്യകള്‍ ഒരു പ്രത്യേക ക്രമത്തില്‍ എഴുതി കീഴോട്ടു കൂട്ടിയാലും നേരെ കൂട്ടിയാലും കുറുകെ കൂട്ടിയാലും ഒരേ ഉത്തരം വരുന്ന മാജിക്‌ കാണിച്ചു തന്നു.

“ഇതാപ്പോ വല്യകാര്യം!” എന്നു പറഞ്ഞു ഞാന്‍ അങ്ങനെത്തെ പത്തു കള്ളി വരച്ചു പത്തു വേറെ മാജിക്‌ സ്ക്വയര്‍ ഉണ്ടാക്കി കൊടുത്തു.(കാര്യം വളരെ ലളിതം - അവന്‍ ഉണ്ടാക്കിയ കോളത്തിലെ സംഖ്യകളുടെയെല്ലാം കൂടെ 1 കൂട്ടി എഴുതി)

ഞാന്‍ ചോദിച്ചു.
“16 കള്ളികളുള്ള മാജിക്സ്ക്വയര്‍ ഉണ്ടാക്കാമോ?“

അവന്‍ പഠിച്ചു വെച്ചവ വരച്ചു ആലോചിച്ചും കൂട്ടിയും തിരുത്തിയും അക്കങ്ങള്‍ എഴുതി കാണിച്ചു തന്നു.

ഞാന്‍ ഉടനെ അവന്‍ വരച്ച കള്ളിക്കു താഴെ നിരവധി 16 കള്ളികള്‍ ഉള്ള സ്ക്വയര്‍‍ ഉണ്ടാക്കി അവന്‍ വിന്യസിച്ച അക്കങ്ങളുടെ സ്ഥാനത്തു എല്ലാം ഓരോന്നു കൂട്ടിയെഴുതി നിരവധി മാജിക്‌ സ്ക്വയറുകള്‍ നിര്‍മ്മിച്ചു.

അവനു ഐഡിയ പിടികിട്ടാത്തതു കാരണം മാജിക്കുകാരനെ നോക്കുമ്പോലെ എന്നെ നോക്കി.

“അതെങ്ങനെയാ ഉമ്മീ..! ഇത്ര എളുപ്പം എങ്ങനെ എഴുതി?“

“നീ ആലോചിച്ച്‌ കണ്ടു പിടിക്ക്‌! ഞാന്‍ പറഞ്ഞു തരില്ല“.
ഞാന്‍ അവനെ വാശി കേറ്റി.

അവന്‍ എന്റെ അടുത്തു നിന്നും ഉത്തരം കിട്ടില്ലന്നുറപ്പായപ്പോള്‍ അതും ചിന്തിച്ച്‌ മുറ്റത്തു കയിലുകുത്തുന്ന പഞ്ഞുവാശാരിയുടെ അടുത്തെത്തിയിരിക്കുന്നു.


പഞ്ഞുവാശാരി നാട്ടിലെ മൂത്താശ്ശാരിയാണ്‌, ചെരിപ്പും കുപ്പായവും ഇട്ടതായി അറിവില്ല. നടത്തമാണ്‌ മുഖ്യ വിനോദം.
പഞ്ഞുവാശാരിക്കു വയസ്സായി. ആശാരിമാര്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ചിരട്ടക്കയിലുണ്ടാക്കിയാണെന്നു മുത്തുമ്മ പറഞ്ഞറിയാം.
പേരുകേട്ട ആശാരിയാണ്‌.പണിയിലൊരു പെരുന്തച്ചന്‍ തന്നെയാണ്‌. അളവുകളും ചെത്തിമിനുക്കലും കിറു കൃത്യം.
പണിയെടുക്കാന്‍ തീരെ വയ്യാതായെങ്കിലും കൂട്ടെടുത്തു കയറ്റലിനും വാതില്‍ വെപ്പിനും പഞ്ഞുവാശാരിക്കു ദക്ഷിണകൊടുക്കാതെ ആരും തുടങ്ങാറില്ല.
ഇപ്പോള്‍ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകള്‍ വന്നപ്പോള്‍ തച്ചുശാസ്ത്ര വിധിപ്രകാരമുള്ള മേല്‍പ്പുരകള്‍ വിസ്മൃതിയിലാണ്ടിട്ടും പഞ്ഞുവാശാരിയെ വിളിച്ചു വീടിനു സ്ഥാനം നോക്കിയാലെ എല്ലാര്‍ക്കും മനസ്സിനൊരു സമാധാനം ഉണ്ടാവൂ.

പഞ്ഞുവാശാരി ചിരട്ട വെള്ളത്തിലിട്ടു കുതിരാന്‍ വെച്ചിരിക്കുകയാണ്‌.
ചിരട്ടക്കയില്‍ ആവശ്യമുണ്ടായിട്ടൊന്നുമല്ല.
മീന്‍ മുളകിട്ടതു മണ്‍ചട്ടിയിലെടുത്തു ഡൈനിംഗ്‌ ടേബിളില്‍ സര്‍വു ചെയ്യുമ്പോള്‍ അതില്‍ ചിരട്ടക്കയിലിട്ടാല്‍ കാണാന്‍ ഒരു തനിമയുണ്ടാവും,
അതു കരുതി ഞാന്‍ പഞ്ഞുവിനു ഒരു വാര്‍ദ്ധക്യകാല ജോലി കൊടുത്തതാണ്‌.

ശാബു പഞ്ഞുവിനോടു അവന്റെ പ്രശ്നോത്തിരി അവതരിപ്പിച്ചെന്നു തോന്നുന്നു.
പഞ്ഞു ചെവിക്കിടയില്‍ നിന്നു പെന്‍സിലെടുത്തു വീതുളികൊണ്ടു ചെത്തിമുനവരുത്തി അവന്റെ പേപ്പറില്‍ കള്ളി വരച്ചു അവനെ പഠിപ്പിക്കുന്നതു കണ്ടു.
അരമണിക്കൂറോളം പ്രാക്ടീസു ചെയ്തു അവന്‍ ഏഴാനാകാശത്തേക്കുയര്‍ന്ന ഗമയില്‍ ഓടി വന്നെന്നോടു ചോദിച്ചു.

"ഉമ്മി ഏതെങ്കിലും ഒരു സംഖ്യ പറയൂ?"
"ഞാന്‍ അവനെ തോല്‍പ്പിക്കാന്‍ പറഞ്ഞു. 916"
(ഇപ്പോള്‍ ജ്വല്ലറിക്കാരുടെ പരസ്യം കേട്ടു തഴക്കം വന്ന എല്ലാ പെണ്ണുങ്ങളും ആദ്യം ഓര്‍ക്കുന്ന അക്കം ഇതാണ്)
"ഉമ്മി :)(അവന്‍ ഒരു സ്മയിലി ഇട്ടു),
നോക്കിക്കോ!
ഇനി ഞാന്‍ ആ സംഖ്യയില്‍ തുടങ്ങി 16 തുടര്‍ച്ചയായ സംഖ്യകള്‍ ഈ കള്ളിയില്‍ എഴുതി മാജിക്സ്കയര്‍ ഒരു മിനിട്ടു കൊണ്ടു ഉണ്ടാക്കിത്തരാം".
"ആഹാ! അങ്ങനെയെങ്കില്‍ നിനക്കു ഞാന്‍ പപ്പ വരുമ്പോള്‍ ഒരു ഗ്ലോബു കൊണ്ടുവരാന്‍ പറയാം".
അവന്‍ നിമിഷങ്ങള്‍ക്കകം ആ മാജിക്സ്ക്വയര്‍ പൂര്‍ത്തിയാക്കി.ഞാന്‍ കാല്‍കുലേറ്ററില്‍ കൂട്ടി നോക്കി. കിറുകൃത്യം. ആശ്ചര്യപ്പെട്ടു.
ഞാന്‍ മാജിക്കുകാരനെ നോക്കുന്ന പോലെ അവനെ നോക്കി. എങ്ങനെ അതുകിട്ടി എന്നു ചോദിച്ചു.
അവന്‍ പഞ്ഞുവാശാരിയില്‍ നിന്നു കിട്ടിയ ആ പുതിയ അറിവു പകര്‍ന്നു തരാന്‍ എന്നെപ്പോലെ വീര്യമൊന്നും കാട്ടിയില്ല.

അതിങ്ങനെയായിരുന്നു.

ആദ്യകള്ളി മുതല്‍ തുടങ്ങുന്ന സംഖ്യ ക്രമമായി പെന്‍സില്‍ കൊണ്ടു എഴുതുക. 16 കള്ളികളുള്ള സമചതുരത്തിനുള്ളില്‍ 4 കള്ളികളുള്ള മറ്റൊരു സമചതുരം വരക്കുക. ഇവയുടെ മൂലകളിലെ സംഖ്യകള്‍ പരസ്പരം മാറ്റിയെഴുതുക. സംഗതി ശുഭം.

ഏതു സംഖ്യ മുതലും എഴുതാം.പ്രക്ടീസായാല്‍ എഴുതലും മായ്ക്കലും ഇല്ലാതെ തന്നെ തുടര്‍ച്ചയായി കള്ളികളില്‍ നേരിട്ടെഴുതി എല്ലാരെയും വിസ്മയിപ്പിക്കാം.
അതിന്റെ അഭ്യാസം ഇതാ ഇങ്ങനെ ചിത്രങ്ങളിലൂടെ!
പറഞ്ഞു തന്ന പഞ്ഞുവാശാരിക്കു നന്ദി.





Final Result

Each totals are 34
ഇവിടെ എങ്ങനെ കൂട്ടിയാലും 34 കിട്ടുന്നില്ലേ.!
5400

15 comments:

മൂര്‍ത്തി said...

കൊള്ളാം..നല്ല ഐഡിയ...ആശാരിമാര്‍ക്ക് പാറ്റേണ്‍ മനസ്സിലാക്കാനുള്ള കഴിവു കൂടുതലാണെന്നു തോന്നുന്നു. ഒരു പരിശീലനവും കിട്ടിയിട്ടില്ലെങ്കിലും നല്ല രീതിയില്‍ ചെസ്സ് കളിക്കുന്ന ചിലരെ എനിക്കറിയാം.

Anonymous said...

Fery..no very good idea

myexperimentsandme said...

ഹായ്... വളരെ നല്ല ഐഡിയ. പഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും അഭിനന്ദനങ്ങള്‍.

ശ്രീ said...

ഹായ്...

നല്ല ഐഡിയ തന്നെ. ചേച്ചീ...

പാഞ്ഞുവാശ്ശാരി കൊള്ളാമല്ലോ.

ശാബുവിന്‍ ആശംസകള്‍‌...
:)

പ്രയാസി said...

നല്ല ഐഡിയ..
ഒന്നു പരീക്ഷിച്ചു നോക്കട്ടെ..

സു | Su said...

സാബീ :) ഇക്കണക്കൊന്നും എനിക്കറിയില്ല. പക്ഷെ സാബി എഴുതിയത് വായിക്കാന്‍ എന്നും ഇഷ്ടം.

Appu Adyakshari said...

“ആയകള്‍ വളര്‍ത്തുന്ന കുട്ടികള്‍ക്കു മാതാപിതാക്കളോടും തിരിച്ചും ആത്മബന്ധം സ്ഥാപിക്കാന്‍ കഴിയാത്താതു ഇക്കാരണം കൊണ്ടുമാത്രം....” വളരെ സത്യം.

സാബിത്താ, പഞ്ഞുആശാരിയുടെ ചതുര മാജിക്ക് ഇഷ്ടപ്പെട്ടു.

Raji Chandrasekhar said...

സാബീ..
കവിതയാണോ കണക്കാണോ ഏറെയിഷ്ടം എന്നു ചോദിച്ചാല്‍ അറിയില്ല.
മാന്ത്രികചതുരം ഇഷ്ടമാണ്.
Even magic square-ന്റെ ഈ സൂത്രപ്പണി അറിയില്ലായിരുന്നു. പറഞ്ഞു തന്ന പാഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും
ഒത്തിരിയൊത്തിരി നന്ദി.
മോന്‍ നന്നായി പഠിച്ച് മിടുക്കനാകട്ടെ..
ആശംസകളോടെ
രജി മാഷ്

കുഞ്ഞന്‍ said...

സാബി,

കുറെയേറെ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വായിച്ചുകൂട്ടി, പക്ഷെ ഈ പോസ്റ്റ് വളരെയധികം എനിക്കിഷ്ടപ്പെട്ടു. പാഞ്ഞുവാശാരിയില്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് മാതൃത്വവും പിതൃത്വത്തെപ്പറ്റിയുള്ള സാബിയുടെ കാഴ്ചപ്പാടാണ്. ജിജ്ഞാസയിലേക്കു കടക്കുന്ന എന്റെ മകന്റെ മുഖവും പ്രായവും മനസ്സില്‍ തെളിയുമ്പോള്‍, സാബിയുടെ വരികള്‍ മനസ്സില്‍ സൂക്ഷിക്കപ്പെടേണ്ടതാണ്.

Areekkodan | അരീക്കോടന്‍ said...

പാഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും
ഒത്തിരിയൊത്തിരി നന്ദി.

Sal said...
This comment has been removed by the author.
Seena said...

Saabi,
Ivide vannu vayichu pokarundu, ithu vare abhiprayam paranjilla..nannayi ezhuthunnu, pidichunirthi vayippikkanulla kazhivundu, nannayirikkunnu ellam..nandi...

പ്രവീണ്‍|Praveen aka j4v4m4n said...

എഴുതിയതിഷ്ടപ്പെട്ടു. ശാബുവിന്റെ സംശയങ്ങള്‍ കുട്ടിക്കാലത്തെ പുസ്തകങ്ങളോടുള്ള എന്റെ ചങ്ങാത്തമാണോര്‍മ്മിപ്പിച്ചതു്.

സാബി said...

പഞ്ഞുവാശാരിയുടെ വിദ്യ പങ്കിട്ടതില്‍ വായിച്ചു അഭിപ്രായമെഴുതിയ
മൂര്‍ത്തി,
അനോണിമസ്‌,
വക്കാരിമഷ്ടാ,
ശ്രീ,
സു,
അപ്പു,
രജി ചന്ദ്രശേഖര്‍,
കുഞ്ഞന്‍,
അരീക്കോടന്‍,
സിമ്പിള്‍,
സീന,
പ്രവീണ്‍
എന്നിവര്‍ക്കു വൈകി അര്‍പ്പിക്കുന്ന നന്ദി.

ഉപാസന || Upasana said...

അമേസിങ്ങ് മാഡം...
ഉപാസന ഇവിടെയെത്താന്‍ വൈകിയല്ലോ
:)
ഉപാസന